KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രസർക്കാരിൻ്റെ 2023ലെ ആരോഗ്യ മന്ഥൻ പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.

എബിപിഎംജെഎവൈയുടെ വർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് “മികവുറ്റ പ്രവർത്തനങ്ങൾ’ എന്ന വിഭാഗത്തിലും സംസ്ഥാനത്തിന്‌ പുരസ്‌കാരം ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് കേരളം പുരസ്‌കാരം നേടുന്നത്‌.

സാമ്പത്തിക പരിമിതികൾക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിൽ കാസ്പ്‌ ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്‌. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷത്തിൽ 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ചികിത്സ നൽകി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി കഴിഞ്ഞ വർഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്.

Advertisements

കാഴ്ചപരിമിതരായ പദ്ധതി ഗുണഭോക്താക്കൾക്കായി ഈ സർക്കാരിന്റെ കാലത്താണ്‌ പ്രത്യേക സേവനങ്ങൾ സജ്ജമാക്കിയത്. ഇതിനായി അവരുടെ ചികിത്സാ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്. ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാന ഹെൽത്ത് ഏജൻസി മുഖാന്തിരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 613 ആശുപത്രികളിൽ നിന്ന്‌ ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സാ സേവനം ലഭ്യമാകുന്നു.

Share news