ശ്വേത മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്; തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ തുടരും

അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്ന പേരിൽ നടി ശ്വേത മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ തുടരും. എഫ് ഐ ആർ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബര്‍ 28 വരെ നീട്ടി. അശ്ലീല ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിച്ചുവെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലായിരുന്നു കോടതി നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് കേസെടുത്തത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിൽ തുടർനടപടി കോടതി തടഞ്ഞിരുന്നു.

ഇന്ന് ഹർജി വീണ്ടും പരിഗണിച്ച കോടതി സ്‌റ്റേ ഒക്ടോബർ 28 വരെ നീട്ടി. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് ശ്വേതാ മേനോനെതിരെ നൽകിയ പരാതിയിൽ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.

പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ വാദം. കുപ്രസിദ്ധി നേടി നടി പണം സമ്പാദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്.

