വരയാടുകളുടെ പ്രജനനകാലം: രാജമല ഫെബ്രുവരി ഒന്നു മുതൽ അടയ്ക്കും

മൂന്നാർ: വരയാടുകളുടെ പ്രജനനം മുൻ നിർത്തി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടും. ഈ കാലയളവിൽ രാജമലയിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണ പറഞ്ഞു. അടുത്തിടെ രാജമലയിൽ അഞ്ചോളം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മെയിൽ നടത്തിയ കണക്കെടുപ്പിൽ 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 144 എണ്ണം പുതിയതായി ജനിച്ച കുഞ്ഞുങ്ങളാണ്. ഇരവികുളം, പാമ്പാടുംചോല, തമിഴ്നാട് അതിർത്തി പ്രദേശമായ ചിന്നാർ വന്യജീവി സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. തമിഴ്നാട് വനംവകുപ്പും സഹകരിച്ചിരുന്നു. 33 ബ്ലോക്കുകളായി തിരിഞ്ഞ് 99 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്.

