ബാലിയില്‍ 65 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; രണ്ട് മരണം

ഇന്തോനേഷ്യയിലെ ബാലിയില്‍ 65 യാത്രക്കാരുമായിപ്പോയ ബോട്ട് മുങ്ങി. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് 65 പേരുമായി പോയ യാത്ര ബോട്ട് മുങ്ങിയത്. അപകടത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തി.

അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. 50 കിലോമീറ്റര്‍ (30 മൈല്‍) ദൂരമുള്ള ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കാണ് ബോട്ട് യാത്ര പുറപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു.

കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം പുറപ്പെട്ട ബോട്ട് അരമണിക്കൂറിനകം മുങ്ങിയതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 2 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 23 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും ബന്യുവാംഗി പോലീസ് മേധാവി രാമ സമ്തമ പുത്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

