KOYILANDY DIARY

The Perfect News Portal

തൃപ്പുണ്ണിത്തുറ പടക്കശാലയിലെ സ്ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.

അതേസമയം സംഭവത്തിൽ ഒരാൾ മരിച്ചു. പടക്ക സംഭരണശാലയിലെ ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആകെ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കരാർ ഏറ്റെടുത്തിരുന്നത് തിരുവനന്തപുരം സ്വദേശികൾ ആയിരുന്നു. സ്ഫോടക വസ്തുക്കൾ ടെമ്പോ ട്രാവലറിൽ നിന്നും ഇറക്കുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. അതേസമയം പടക്കം സംഭരിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. അനുമതി തേടിയെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നൽകിയില്ല.