KOYILANDY DIARY

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി – കോൺഗ്രസ്‌ രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു.


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി – കോൺഗ്രസ്‌ രഹസ്യബന്ധം  മറനീക്കി പുറത്തുവരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി നേതാവ്‌ വി മുരളീധരന്‌ വോട്ട്‌ മറിക്കണമെന്നും ഒരു തവണകൂടി മോദി സർക്കാർ അധികാരത്തിൽ വരട്ടെയെന്നും കോൺഗ്രസ്‌ നേതാവ്‌ മുണ്ടേല മോഹനൻ വാർഡ്‌ പ്രസിഡന്റിന്‌ നിർദേശം നൽകുന്ന ശബ്ദരേഖയാണ്‌ പുറത്തുവന്നത്‌. എൻജിഒ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്ന മോഹനൻ പാലോട്‌ രവി ഡെപ്യൂട്ടി സ്പീക്കറായിരിക്കെ അസി. പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു. ഡിസിസി പുനഃസംഘടനയിൽ ട്രഷറർ സ്ഥാനത്തേക്ക്‌ പാലോട്‌ രവിയുടെ നോമിനിയാണ്‌. 

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എസ്‌ ശബരീനാഥനെ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ കൂടെയാണ്‌ അടൂർ പ്രകാശെന്നും അതുകൊണ്ട്‌ ‘ഒരു താങ്ങ്‌ താങ്ങണം’ എന്നുമാണ്‌ നേതാവിന്റെ ഉപദേശം. നൈസായി വി മുരളീധരന്‌ വോട്ട്‌ മറിക്കണമെന്നും ഒരു തവണകൂടി മോദി അധികാരത്തിൽ വരുന്നതാണ്‌ നല്ലതെന്നും മോഹനൻ പറയുന്നത്‌ ശബ്ദരേഖയിലുണ്ട്‌. ബ്ലോക്ക്‌ ഡെവലപ്‌മെന്റ്‌ ഓഫീസറായി വിരമിച്ച മോഹനൻ നെടുമങ്ങാട്‌ പ്രിയദർശിനി സഹകരണ ബാങ്കിന്റെയും ഗവ. എംപ്ലോയീസ്‌ വെൽഫെയർ സൊസൈറ്റിയുടെയും പ്രസിഡന്റാണ്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരുവിക്കര പഞ്ചായത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായി.

കോൺഗ്രസ്‌ വിട്ട്‌ നേതാക്കൾ ബിജെപിയിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കെയാണ്‌ ഇരുപാർടികളും തമ്മിലുള്ള വോട്ടുകച്ചവടവും പുറത്തുവന്നത്‌. വിഷയത്തിൽ പ്രതികരിക്കാനോ മുണ്ടേല മോഹനനെ തള്ളിപ്പറയാനോ കോൺഗ്രസ്‌ നേതൃത്വം തയ്യാറായിട്ടില്ല.

Advertisements
Advertisements