കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് വീടായി: താക്കോല്‍ ദാനം ഇന്ന്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ കുടുംബത്തിനായി നിർമിച്ച പുതിയ വീടിൻ്റെ താക്കോല്‍ ദാനം ഇന്ന് നടക്കും. വൈകുന്നേരം ആറരയ്ക്കാണ് താക്കോല്‍ ദാന ചടങ്ങ് നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് സ്നേഹവീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. എം.ജി / കേരള യൂണിവേഴ്‌സിറ്റികളിലെ എൻ എസ് എസ് യൂണിറ്റുകൾ ചേർന്നാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. നവീകരണത്തിനായി ചെലവഴിച്ച പന്ത്രണ്ടര ലക്ഷം രൂപയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളാണ് കണ്ടെത്തിയത്.

മന്ത്രി വി എൻ വാസവൻ, സി കെ ആശ എം എൽ എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നേരത്തെ സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. മകന് സർക്കാർ ജോലിയും ഉറപ്പാക്കിയിട്ടുണ്ട്. മകളുടെ ചികിത്സ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന് പുറമെയാണ് സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തികരിക്കുകയും ഇപ്പോള്‍ ഭവനം പൂര്‍ത്തിയായതും.

