തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും; കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം
.
ഏറെ വിവാദങ്ങൾക്ക് വഴി വെച്ച മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വികസിത് ഭാരത് ജി രാം ജി (VB G RAM G) എന്നാണ് പേരും ഘടനയും മോദി സർക്കാർ മാറ്റുന്നത്. ശക്തമായ എതിർപ്പുകൾക്കിടയിലാണ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ന് ബിൽ അവതരിപ്പിക്കുക. പൂർണമായും കേന്ദ്രസർക്കാർ പദ്ധതി ആയിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റുന്നതിലൂടെ കേന്ദ്ര വിഹിതം 60 ശതമാനമായി കുറച്ച് സംസ്ഥാനങ്ങളുടെ മുകളിൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് കേന്ദ്ര നീക്കം.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നിന്ന് ഉയരുന്നതും. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാൻ മോദി സർക്കാർ ആവിഷ്കരിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിക്ഷക് ബിൽ പ്രതിഷേധത്തെ തുടർന്ന് ഇന്ന് സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടും. അതിനിടെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ രാജ്യസഭയിൽ ഇന്നും ചർച്ച തുടരും.

തൊഴിലുറപ്പ് ബിൽ കേരളത്തിൽ മാത്രം 2000 കോടി രൂപയുടെ അധിക ഭാരം ഉണ്ടാക്കുമെന്ന് ഇന്നലെ ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരുന്നു. മൊത്തം ഇന്ത്യയിൽ 50,000 കോടി രൂപയുടെ ഭാരമാണ് സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രം ഇങ്ങനെ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്‌ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ആവശ്യാധിഷ്ഠിത (demand-driven) പദ്ധതിയിൽ നിന്നും വിഹിതം അടിസ്ഥാനമാക്കിയ
പദ്ധതിയായി (allocation-based) തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ടെയെന്നും അദ്ദേഹം ഇന്നലെ ചൂണ്ടിക്കാണിച്ചിരുന്നു.




