ബൈക്ക് മോഷണം; വയനാട് സ്വദേശി പിടിയിൽ

കോഴിക്കോട്: പറയഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച വയനാട് മേപ്പാടി സ്വദേശി പിടിയിൽ. തെരുവത്ത് വീട്ടിൽ അമർജിത്ത് (24) നെയാണ് (ഇപ്പോൾ പയിമ്പ്രയിൽ വാടകക്ക് താമസിക്കുന്നു) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. 03.01.2025 തിയ്യതി പറയഞ്ചേരി ഹാദി ഹോംസ് എന്ന ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വയനാട് സ്വദേശി ഡെറിക് എബ്രഹാമിന്റെ പേരിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ പ്രതിയും സുഹൃത്തും കൂടി മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, സമീപ പ്രദേശങ്ങളിലെ നിരവധി CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും, സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും പ്രതികളെപറ്റി മനസ്സിലാക്കുകയും അന്വേഷണസംഘം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയ്ക്ക് കോഴിക്കോട്, വയനാട് ജില്ലകളിലെ മേപ്പാടി, ബാലുശ്ശേരി, കുന്ദമംഗലം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ കേസ്സും, വാഹന മോഷണത്തിനും, വാഹനങ്ങളിലെ ബാറ്ററി മോഷണം നടത്തിയതിനും, പൊതുജനശല്യത്തിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഈ കേസിലെ കൂട്ടുപ്രതിയും മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടതുമായ കൊയിലാണ്ടി കാരയാട് സ്വദേശി കുന്നത്ത് വീട്ടിൽ അമൽ (22)നെ മെഡിക്കൽ കോളേജ് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മിഷണർ ഉമേഷിന്റെ ക്രൈം സ്ക്വാഡ് അംഗങ്ങളായ SCPO റഷീദ്, CPO വിഷ് ലാൽ എന്നിവരും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ അരുൺ, സന്തോഷ് ചന്ദ്രൻ, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർ പ്രജീഷ്, CPO ജിതിൻ, ഹോംഗാർഡ് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
