KOYILANDY DIARY.COM

The Perfect News Portal

ജലാഭ്യാസ പ്രകടനങ്ങളുമൊരുക്കി ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്‌റ്റ്‌

ഫറോക്ക്: കടലിലും നദിയിലും ജല സാഹസിക കായിക മത്സരങ്ങളും ജലാഭ്യാസ പ്രകടനങ്ങളുമൊരുക്കി ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്‌റ്റ്‌. വിദേശ രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഫ്‌ളൈ ബോർഡ് ഡെമോ, പാരാ മോട്ടറിങ്, സ്റ്റാൻഡ് അപ് പാഡ്‌ലിങ്, സർഫിങ്, കയാക്കിങ് എന്നിവ ഇത്തവണയുമുണ്ട്. ജനുവരി നാലിനും അഞ്ചിനുമാണ് ബേപ്പൂർ ഫെസ്റ്റ്. ബേപ്പൂർ മറീന തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് പാരാ മോട്ടറിങ്ങും  ഫ്ലൈ ബോർഡ് ഡെമോയും ഉണ്ടാവുക.
രണ്ടു ദിവസവും പകൽ മൂന്നു മുതൽ കടൽത്തീരത്തായി സർഫിങ്‌ കാണാനും അവസരമുണ്ട്. നാലിന്‌ രാവിലെ എട്ടുമുതലാണ് കയാക്കിങ് മത്സരം. വിദേശ കയാക്കുകൾ ഉൾപ്പെടെ പങ്കെടുക്കുന്ന വനിതാ, -പുരുഷ ഡബിൾസ്, മിക്സഡ് മത്സരങ്ങളിൽ 50,000, 25,000, 10,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും ക്യാഷ് പ്രൈസുമുണ്ട്‌. സിംഗിൾസിൽ ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 25,000, 15,000, 5000 വീതം ക്യാഷ് പ്രൈസ്‌ നൽകും. 
വാട്ടർ ഫെസ്റ്റിന്റെ പ്രധാനാകർഷണമായ ജലസാഹസികാഭ്യാസ പ്രകടനങ്ങൾ കാണാനെത്തുന്നവർക്കായി എല്ലാ സൗകര്യവും മറീന തീരത്ത് ഒരുക്കിയിട്ടുണ്ട്. സർഫിങ്ങിലും ഇത്തവണയും നിരവധി വിദേശ പ്രതിനിധികൾ പങ്കാളികളായേക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യത്തെ സർഫിങ് പരിശീലന അക്കാദമി ആരംഭിച്ചതും ബേപ്പൂർ ഗോതീശ്വരത്താണ്.

 

 

Share news