KOYILANDY DIARY.COM

The Perfect News Portal

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം. ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005 പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലുമാണ് തീരുമാനം. നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ച ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

Advertisements
Share news