ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ക്ക് ജാമ്യം; സല്‍മാന്‍ ഖാനെ വധിക്കാന്‍ നിയോഗിക്കപ്പെട്ടത് 70 പേര്‍

മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം പനവേലിലെ ഫാം ഹൗസില്‍ വെച്ച് താരത്തിന് നേരെയുണ്ടായ വധശ്രമത്തിന്റെ ഭാഗമായവരാണിരുവരും. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പദ്ധതിയായിരുന്നു ഇത്.

കഴിഞ്ഞ ഏപ്രിലില്‍ താരത്തിന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെച്ചുണ്ടായ വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച പൊലീസ് ജൂണിലാണ് കൊലപാതകത്തിനുള്ള പദ്ധതി പൊളിച്ചത്. ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങളാണ് ഇതിലുള്‍പ്പെട്ട പ്രതികളെല്ലാം. പദ്ധതി നടപ്പിലാക്കാനുള്ള ഗൂഡാലോചന നടന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികള്‍ ഇരുവരും അംഗങ്ങളാണെന്നത് ഒഴിച്ചാല്‍ വാസ്പി മെഹ്മൂദ് ഖാന്‍ (വസിം ചിക്‌ന), ഗൗരവ് വിനോദ് ഭാട്ടിയ (സന്ദീപ് ബിഷ്‌ണോയി) എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പ്രതികള്‍ ഇരുവരും താരത്തിന്റെ വീടും പരിസരവും ഫാം ഹൗസും ശക്തമായി നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. അതേസമയം തങ്ങള്‍ക്കെതിരെയുള്ള ആരോപണം മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ മാത്രമുള്ളതാണെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്. മാത്രമല്ല ഇവരുടെ കൂട്ടുപ്രതിയായ രാജസ്ഥാനില്‍ നിന്നും പിടിയിലായ ദീപക് ഗോഗാലിയയ്ക്ക് പനവേല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്ന കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇരുവരും ഗൂഡാലോചനയുടെയോ ബിഷ്‌ണോയി സംഘത്തിന്റെയോ ഭാഗമല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു.

