ബാബരി മസ്ജിദ്: 33 ആണ്ടുകൾ പിന്നിട്ടിട്ടും ഉണങ്ങാത്ത മതേതര ഇന്ത്യയുടെ മുറിപ്പാട്
.
മതേതര ഇന്ത്യയുടെ നെഞ്ചിൽ ഉണങ്ങാത്ത മുറിപ്പാട് തീർത്ത ബാബരി മസ്ജിദ് തകർത്ത സംഭവം നടന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ. കൊടും വിഷം തുപ്പിയ ബിജെപി – ആർ എസ് എസ് നേതാക്കളുടെ വാക്കുകൾ ഊർജ്ജമാക്കി ഒരു കൂട്ടം ആക്രമണകാരികൾ 1992 ഡിസംബർ ആറിന് ബാബരിയുടെ താഴികക്കുടങ്ങൾ തകർത്തെറിഞ്ഞപ്പോൾ, ഇന്ത്യയിലെ ആരാധന സ്വാതന്ത്ര്യത്തിനൊപ്പം ന്യൂനപക്ഷ അവകാശങ്ങൾ കൂടിയാണ് തകർന്നടിഞ്ഞത്. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേറാനുള്ള ബിജെപിയുടെ ഈ നീക്കത്തെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് കയ്യും കെട്ടി നോക്കിനിന്നു.

ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ അടിയെന്നതിൽ ഉപരി ഇന്ന് രാജ്യത്തെ വിഴുങ്ങി നിൽക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ ജനനം കൂടിയായി ആ സംഭവം മാറി. രാഷ്ട്രീയത്തിൽ മതം കലർത്താൻ സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കത്തിന്റെ പൂർണ വിജയങ്ങളിലൊന്നായിരുന്നു ബാബരി മസ്ജിദിന്റെ തകർച്ച.

1949 ഡിസംബർ 22ന് രാത്രി ഇരുട്ടിന്റെ മറവിൽ ബാബരി മസ്ജിദിൽ കടന്ന ചിലർ പള്ളിക്കുള്ളിൽ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചത് മുതലാണ് മസ്ജിദിന്റെ തകർച്ച ആരംഭിക്കുന്നത്. നെഹ്റു ഇത് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും, യുപിയിലെ അന്നത്തെ കോൺഗ്രസിന്റെ മുഖ്യമന്ത്രി ജി ബി പന്ത് ഇതിനെ എതിർത്തു. അവസാനം ഹിന്ദുത്വ ശക്തികളുടെ ആക്രമണം ഭയന്ന് മസ്ജിദ് താഴിട്ട് പൂട്ടി.

1984-ൽ വിശ്വ ഹിന്ദുപരിഷത്ത് മന്ദിരത്തിന്റെ താഴുകൾ തുറക്കാൻ കൂറ്റൻ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ ബാബരി വീണ്ടും രാജ്യത്തെ ചർച്ചാ വിഷയമായി. 1986 ൽ ജില്ലാ കോടതി ഏകപക്ഷീയമായി മസ്ജിദ് ഹൈന്ദവ ആരാധനയ്ക്കായി തുറക്കാൻ ഉത്തരവിട്ടു. ഇതോടെ രാമക്ഷേത്ര നിർമ്മാണമെന്ന ആശയം സംഘപരിവാർ സജീവ ചർച്ചയായി മുന്നോട്ട് കൊണ്ടുവന്നു. ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി അയോധ്യ വരെ 10,000 കിലോമീറ്റർ യാത്ര വരുന്ന രഥയാത്ര സംഘടിപ്പിച്ചതോടെ വർഗീയ വിദ്വേഷം ആളിക്കത്തി.
1989 ൽ മസ്ജിദ് പരിസരത്ത് വിഎച്ച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ അനുമതിയോട് കൂടിയായിരുന്നു അത്. ഇത് സാമുദായിക സ്പർദ്ധ പൂർവാധികം വർധിക്കാൻ കാരണമായി. 1990 ൽ പള്ളിയിലേക്ക് അതിക്രമിച്ച് കയറി വിഎച്ച്പി മിനാരത്തിനുമുകളിൽ കൊടിനാട്ടി. അന്നത്തെ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവ് കടുത്ത നിലപാടെടുത്തതിനാൽ നില കൂടുതൽ വഷളായില്ല. എന്നാൽ, പിറ്റേവർഷം ബിജെപി യുപിയിൽ അധികാരത്തിലെത്തിയതോടെ ബാബരിയുടെ തകർച്ചക്ക് നിലമൊരുങ്ങി.
1992 ഡിസംബർ ആറിന് ലക്ഷക്കണക്കിന് സംഘ പരിവാർ പ്രവർത്തകർ ജാഥയായി ബാബരിയിലേക്ക് എത്തി. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ തീവ്ര ഹിന്ദുത്വ നേതാക്കളുടെ പള്ളിയിലേക്ക് ഇരച്ചു കയറിയ അവർ ബാബരി മസ്ജിദ് തകർത്തു. സംസ്ഥാനത്തെ ബിജെപി സർക്കാർ ഇതിന് വേണ്ട സഹായങ്ങൾ ഒരുക്കിയപ്പോൾ കേന്ദ്രത്തിലെ നരസിംഹ റാവുവിന്റെ സർക്കാർ ഒന്നും ചെയ്യാതെ കയ്യും കെട്ടി നിന്നു.
ഇത് രാജ്യത്ത് വൻ കലാപങ്ങൾക്കും വംശഹത്യക്കും കൂട്ടക്കൊലകൾക്കും വഴിയൊരുക്കി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനിരയായി എരിഞ്ഞൊടുങ്ങിയത്.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമയുദ്ധത്തിന് ഒടുവിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് അബ്ദുൽ നസീർ എന്നിവരുടെ ബഞ്ച് ആ സുപ്രധാന വിധി പ്രസ്താവിച്ചു. അങ്ങനെ നൂറ്റാണ്ടുകൾ നീണ്ട ബാബരി മസ്ജിദ് വിവാദഭൂമിയിൽ രാമക്ഷേത്രം കെട്ടിയുയർത്താൻ സംഘപരിവാറിനായി. ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് അതിനായി അവർ ഇന്ത്യ രാജ്യത്തെ ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചത്.

കോടതി വിധിയിൽ 2.7 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിർമിക്കാൻ പകരം 25 കി.മി അകലെയുള്ള ധനിപ്പൂർ വില്ലേജിൽ അഞ്ചേക്കർ ഭൂമി നൽകണമെന്നുമാണ് പറയുന്നത്. എന്നാൽ, അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി പതാക ഉയർത്തൽ ചടങ്ങ് നടത്തുമ്പോഴും മസ്ജിദിൻ്റെ നിർമാണം ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം.
മസ്ജിദ് നിർമിക്കാനുള്ള അപേക്ഷ നേരത്തെ നൽകിയിരുന്നെങ്കിലും അയോധ്യ വികസന അതോറിറ്റി അപേക്ഷ തള്ളിയതാണ് നിർമാണം വൈകാൻ കാരണം. ഉത്തർപ്രദേശ് സർക്കാരിൽനിന്ന് എൻഒസി ലഭിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരാവകാശ രേഖ പറയുന്നത്. അനീതി ഇപ്പോഴും പലരൂപത്തിൽ തുടരുന്നതിന്റെ ഒരുദാഹരണം മാത്രമായി ഇതിനെ കാണാം.



