ഭിന്നശേഷി മേഖലയിൽ മികച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവാർഡ് വിതരണം ചെയ്തു
കോഴിക്കോട്: ഭിന്നശേഷി മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു. കോഴിക്കോട് സാമൂഹ്യനീതി വകുപ്പ് കോംപ്ലക്സിലെ ജന്റർ പാർക്കിൽ വെച്ചാണ് ചടങ്ങ് നടന്നത്.

ഭിന്നശേഷി പുനരധിവാസ മേഖലയിൽ മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച്ച് സെന്റർ (നിയാർക്ക്) കൊയിലാണ്ടിയും, മികച്ച ജില്ലാ പഞ്ചായത്ത് ആയി കോഴിക്കോട് ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ട വടകര ബ്ലോക്കും പഞ്ചായത്തും അവാർഡുകൾ മന്ത്രിയിൽ നിന്നും സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ ഐഎഎസ് സ്വാഗതം പറഞ്ഞു.
