ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയായ ഗുജറാത്ത് സ്വദേശി രാജേഷ്ഭായിയെ പൊലീസ് പിടികൂടി. ആക്രമണം ആസൂത്രിതമെന്നും അക്രമി കഴിഞ്ഞദിവസം രാത്രി മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സുരക്ഷാവീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ സാധാരണ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ പേപ്പറുകളുമായി എത്തിയ യുവാവ് ആക്രോശിച്ചുകൊണ്ട് രേഖ ഗുപ്തയുടെ മുഖത്തടിക്കുകയായിരുന്നു. പൊലീസിന്റെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സംഭവം.

അതേസമയം, ഇയാള്‍ നായസ്‌നേഹിയയാണെന്നും തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും അക്രമിയുടെ അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അക്രമം അങ്ങേയറ്റം അപലപനീയമാണെന്നും രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും അക്രമത്തിന് സ്ഥാനമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പ്രതികരിച്ചു. ദില്ലിയില്‍ ആരും സുരക്ഷിതരല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

