KOYILANDY DIARY

The Perfect News Portal

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളത്തിനെതിരെ ഫോളോ ഓൺ വഴങ്ങി അസം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളത്തിനെതിരെ ഫോളോ ഓൺ വഴങ്ങി അസം. ആദ്യ ഇന്നിംഗ്സിൽ അസമിനെ 248 റൺസിന് എറിഞ്ഞിട്ട കേരളത്തിന് 171 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച അസം 17 റൺസ് കൂടി കൂട്ടിച്ചേർക്കെ ഓൾ ഔട്ടായി. കേരളത്തിനായി ബേസിൽ തമ്പി അഞ്ചും ജലജ് സക്സേന നാലും വിക്കറ്റ് വീഴ്ത്തി. 116 റൺസ് നേടിയ ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഇന്നിംഗ്സാണ് അസമിനെ കനത്ത തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ഒന്നാം ഇന്നിംഗ്സിൽ കേരളം 419 റൺസാണ് നേടിയത്. 131 റൺസ് നേടി സച്ചിൻ ബേബി ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (83), കൃഷ്ണ പ്രസാദ് (80), രോഹൻ പ്രേം (50) എന്നിവർ ഫിഫ്റ്റിയടിച്ചു. മറുപടി ബാറ്റിംഗിൽ 3 വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിൽ നിന്നാണ് പരഗിൻ്റെ ഒറ്റയാൾ പോരാട്ടം അസമിനെ മാന്യമായ സ്കോറിലെത്തിച്ചത്. പരാഗ് കഴിഞ്ഞാൽ അടുത്ത ടോപ്പ് സ്കോറർ ഓപ്പണർ റിഷവ് ദാസ് (31) ആയിരുന്നു.

 

ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ അസം വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് എന്ന നിലയിലാണ്. അവസാന ദിവസമായ ഇന്ന് മറ്റ് അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കളി സമനിലയിലേക്കാണ് നീങ്ങുന്നത്. എങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്ന് പോയിൻ്റ് ലഭിക്കും.

Advertisements