KOYILANDY DIARY

The Perfect News Portal

നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നിരീക്ഷണ സംഘം മരുതോങ്കരയിൽ

കോഴിക്കോട്‌: നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര നിരീക്ഷണ സംഘം മരുതോങ്കരയിലെത്തി. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ഏഴംഗ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചചെയ്തു. നിപാ വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയായി.
കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധയുടെ നേതൃത്വത്തിൽ മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ പ്രദേശത്തെ നിപാ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും നിപാ ബാധിത പ്രദേശങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ സംഘം ചോദിച്ചറിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി.
പ്രദേശത്തിൻറെ ഭൂമിശാസ്ത്ര പ്രത്യേകതകളടക്കമുള്ള വിവരങ്ങൾ ആരാഞ്ഞു. നിപാ ബാധിച്ച്  മരണപ്പെട്ട കള്ളാട് സ്വദേശിയുടെ വീടും പരിസരവും തോട്ടവും സംഘം സന്ദർശിച്ചു. നാഷണൽ സെൻറർ ഫോർ ഡിസീസസ് കൺട്രോളിലെ (എൻസിഡിഎസ്) ഡോ. ഹിമാൻ ഡി ചൗഹാൻ, ഡോ. മാലാ ചവുര, ഡോ. മീര ദുരിത, ഡോ. ഗജേന്ദ്ര, ഡോ. ഹനുൽ, ഡോ രഘു, ഡോ. സായാഹ്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.