കുന്ദമംഗലത്ത്18000 ലിറ്ററോളം പെട്രോളിയം ഉൽപ്പന്നങ്ങൾ പിടികൂടി

കോഴിക്കോട്: കുന്നമംഗലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 18000 ലിറ്ററോളം പെട്രോളിയം ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ആലത്തിയൂർ നിസാർ ഇ (35), തലശ്ശേരി മാടപീടിക റിഗില്‍ (35), എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ACP എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കുന്നമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ എസ്, എസ്.ഐ നിതിൻ എ, പ്രൊബേഷനറി എസ്. ഐ ജിബിഷ, ഗ്രേഡ് എസ്. ഐ പ്രദീപ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

സാമ്പിൾ ശേഖരിക്കുന്നതിനായി പോലീസിനെ സഹായിക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം അസിസ്റ്റന്റ് മാനേജർ നിതിൻ കെ രാമൻ, സെയിൽസ് ഓഫീസർ നിർമ്മൽ എന്നിവരും ഉണ്ടായിരുന്നു. കുന്നമംഗലം നെച്ചിപ്പൊയിൽ ചങ്ങല പറമ്പത്ത് എന്ന സ്ഥലത്ത് നമ്പിടിപറമ്പത്ത് അയ്യൂബ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതും അബ്ദുൽ ലത്തീഫ് കൽപ്പറ്റ, റസല്‍ എന്നിവർക്ക് വാടകയ്ക്ക് നൽകിയതുമായ നമ്പർ ഇല്ലാത്ത ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1000 ലിറ്ററിന്റെ 12 ടാങ്കുകളിലായും, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡോർ ടു ഡോർ ഡെലിവറിക്കുള്ള KL 12 P 6595 നമ്പറോടുകൂടിയ ബൗഷറിലുമായി സൂക്ഷിച്ചിരുന്ന 18000 ലിറ്ററോളം പെട്രോളിയം ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ഇത്തരം പെട്രോളിയം ഉൽപ്പന്നങ്ങൾ ഡീസലിനേക്കാൾ വിലകുറച്ചു ലഭ്യമാവുന്നതിനാൽ ബോട്ടുകളിലും വാഹനങ്ങളിലും ഉപയോഗപ്പെടുത്തുന്നതിനാൽ വലിയ മാലിന്യ പ്രശ്നങ്ങളും അപകട സാധ്യതയും കൂടുകയും സർക്കാരിന് നികുതി ഇനത്തിൽ വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.
