രാജ്യത്തിൻ്റെ മതസൗഹാർദം തകർക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും അതിശക്തമായി നേരിടണം; ജോൺ ബ്രിട്ടാസ് എം പി

ന്യൂഡൽഹി: ഇന്ത്യയുടെ മതസൗഹാർദം തകർക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും അതിശക്തമായി നേരിടണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. സേനയുടെ മനോവീര്യത്തെ തകർക്കുന്ന നടപടികൾ ഉണ്ടാകരുത്. ലോകത്തിന് മുഴുവൻ മാതൃകയായ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഒരു തരത്തിലും യുദ്ധം പോലെയുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാക്കരുത് എന്ന അഭിപ്രായം യോഗത്തിൽ മുന്നോട്ടുവന്നതായും എംപി പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർടികളുടെ അഭിപ്രായം ചോദിക്കാൻ വേണ്ടിയാണ് കേന്ദ്രം യോഗം വിളിച്ചത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ വിവിധ രാഷ്ട്രീയ പാർടികൾ വിമർശിച്ചതായും എംപി പറഞ്ഞു. ഇതുപോലുള്ള പ്രധാനപ്പെട്ട സംഭവ പശ്ചാത്തലമുള്ളപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി രാഷ്ട്രീയ പാർടികളുടെ അഭിപ്രായം കേൾക്കണമെന്ന അഭിപ്രായം ഉയർന്നുവന്നു. രാജ്നാഥ് സിങ്ങാണ് അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് കൂടുതൽ പ്രകോപനങ്ങളുണ്ടാകില്ല എന്ന തരത്തിലുള്ള സൂചനയാണ് അദ്ദേഹം നൽകിയത്.

അതേസമയം തന്നെ ഈ സംഭവത്തെ മുൻനിർത്തി ഉണ്ടാകുന്ന ധാരാളം വാർത്തകളോട് കൃത്യമായി സർക്കാർ പ്രതികരിക്കണം എന്ന ആവശ്യം ഉയർന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത പാകിസ്ഥാന്റെ ഭാഗത്തുനിന്ന്, അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ഇന്ത്യയുടെ 5 ഫൈറ്റർ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചുവീഴ്ത്തി എന്നതാണ്. അതിൽ ഒന്ന് റഫാൽ ആണെന്നുള്ള വാർത്തയും പ്രചരിക്കുന്നുണ്ട്. പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രചരിക്കുന്നുമുണ്ട്. അതിന്റെ നിജസ്ഥിതി എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സേനയുടെ മനോവീര്യത്തെ തകർക്കുന്ന നടപടികൾ ഉണ്ടാകരുത്. ഭീകരതയ്ക്ക് മതവും വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയുടെ മതസൗഹാർദം തകർക്കുന്നതിനുള്ള ഏതൊരു ശ്രമത്തെയും അതിശക്തമായി നേരിടണമെന്നും എംപി പറഞ്ഞു.

