KOYILANDY DIARY

The Perfect News Portal

ആനന്ദലഹരി പകർന്ന് വാദ്യ – വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ശ്രദ്ധേയമായി

കൊയിലാണ്ടി: ആനന്ദലഹരി പകർന്ന് വാദ്യ-വാദന കലയിൽ കലാകാരന്മാരുടെ അരങ്ങേറ്റം ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി പഞ്ചാരിമേളത്തിൽ മൂന്നു, നാലും, അഞ്ചും കാലങ്ങൾ കൊട്ടി കയറി യായിരുന്നു കന്നിക്കാരുടെ അരങ്ങേറ്റം. കൊമ്പ്, ചെണ്ട എന്നിവയിൽ പ്രശസ്തനായ കൊരയങ്ങാട് വാദ്യസംഘം കലാകാരനും നിരവധി ശിഷ്യ സമ്പത്തിനുടമയും പരിശീലകനുമായ കൊരയങ്ങാട് സാജുവിൻ്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെയും കുറുംകുഴലിൽ പ്രശസ്തനായ കാഞ്ഞിലശ്ശേരി അരവിന്ദിൻ്റെ കീഴിൽ കുറുംകുഴൽ അഭ്യസിച്ചവരുടെയും അരങ്ങേറ്റവേദിയായിരുന്നു ആസ്വാദകരുടെ മനം കവർന്നത്.

ചെണ്ടമേളത്തിൽ 40 ഓളം പേരും, കുറുംകുഴലിൽ ഏഴ് പേരുമാണ്  കൊരയങ്ങാട് മഹാഗണപതി ക്ഷേത്രസന്നിധിയിൽ വെച്ച് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിന് മുമ്പ് ഗുരു കാരണവന്മാരുടേയും മുതിർന്ന ചെണ്ടമേള വിദ്വാന്മാരുടേയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ കന്നിമേളക്കാർ മറന്നില്ല. കളിപ്പുരയിൽ രവീന്ദ്രൻ്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിന് കീഴിലെ ഒമ്പതാം ബാച്ചാണ് അരങ്ങേറ്റക്കാരായത്. ഒരു റിട്ട: യൂണിവേഴ്സിറ്റി ജീവനക്കാരനായ പിതാവിന് തൻ്റെ രണ്ട് മക്കളോടൊപ്പം ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം കൈവന്നതും സദസ്സിന് കൗതുകം പകർന്നു.

 

കഴിഞ്ഞ ഇരുപത് വർഷമായി കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിനു വേണ്ടി ചെണ്ടമേളത്തിൽ എ ഗ്രേഡും, ഒന്നാം സ്ഥാനവും നിലനിർത്തി വരുന്നതും കൊരയങ്ങാട് വാദ്യസംഘം വിദ്യാർത്ഥികളാണ്. മൂന്നാം സ്റ്റാൻഡേർഡ് വിദ്യാർത്ഥികളടക്കം 55 വയസ് കഴിഞ്ഞവർ വരെ അരങ്ങേറ്റത്തിലുണ്ടായിരുന്നു. ഇളം തലമുറക്കാരാടൊപ്പം ചെണ്ട ഗുരുക്കൾ ടി.ടി. ഷാജി, എസ്.ജി വിഷ്ണു, നിഖിൽ, ശ്രീഗേഷ്. തുടങ്ങിയവരും മേളപ്രമാണിമാരായി. കൊമ്പ് പറ്റും, കുഴൽപറ്റും മേളത്തിന് അകമ്പടിയായി.

Advertisements