ആശങ്കള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം; തൃശൂരിന്റെ വാനത്ത് വര്‍ണ വിസ്മയം പെയ്തിറങ്ങി

ആശങ്കള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. തൃശൂരിന്റെ വാനത്ത് വര്‍ണ വിസ്മയം പെയ്തിറങ്ങി. പുലര്‍ച്ചെ നാല് മണിയോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം കരിമരുന്നിന് തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നടന്നു. വെടിക്കെട്ട് ആസ്വദിക്കാന്‍ മണിക്കൂറുകള്‍ കാത്തുനിന്നവരെ ആശങ്കയിലാഴ്ത്തി കൊണ്ട് പുലര്‍ച്ചെ രണ്ട് മണിയോടെ പൂരത്തിനിടെ ആന വിരണ്ടോടിയിരുന്നു. നിമിഷങ്ങള്‍ക്കകം ആനയെ തളച്ചതോടെ നാല് മണിയോടെ തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തുകയായിരുന്നു. അഞ്ചരയ്ക്കാണ് പാറമേക്കാവിന്റെ വെടിക്കെട്ട് ആരംഭിച്ചത്.

സാമ്പിള്‍ വെടിക്കെട്ട് പേരുപോലെ സാമ്പിള്‍ മാത്രമെന്ന് തെളിയിക്കുന്നതായിരുന്നു ഇരു വിഭാഗത്തിന്റെയും കരിമരുന്ന് പ്രയോഗം. പതിഞ്ഞ താളത്തില്‍ തുടങ്ങി കൂട്ടപ്പൊരിച്ചിലിലെത്തിയതോടെ കണ്ടുനിന്നവരുടെ കണ്ഠങ്ങളില്‍ നിന്ന് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അടുത്ത ഒരു പൂരക്കാലം വരെ മനസ്സില്‍ സൂക്ഷിക്കാവുന്ന അനുഭവവുമായാണ് വെടിക്കെട്ട് കത്തിത്തീര്‍ന്നത്. തിരുവമ്പാടി വിഭാഗത്തിനുവേണ്ടി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിനു വേണ്ടി ബിനോയുമാണ് കരിമരുന്ന് പ്രയോഗത്തിന് നേതൃത്വം നല്‍കിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ഫലമുണ്ടായതിന്റെ സംതൃപ്തിയിലാണ് ഓരോ പൂരപ്രേമിയും വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിയത്.

