അമീബിക് മസ്തിഷ്ക്ക ജ്വരം; ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ആരോഗ്യ വകുപ്പ് ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പടെ കുട്ടിക്ക് നൽകി വരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന 14 കാരൻ, മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള പതിനാലു വയസുകാരൻ്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതി. ഐസിയുവിൽ നിന്ന് കുട്ടിയെ മാറ്റി, വിദഗ്ധ പരിചരണം തുടരുന്നു.

ആരോഗ്യ വകുപ്പ് ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പടെ 5 മരുന്നുകൾ കുട്ടിയ്ക്ക് നൽകുന്നുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതായും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അബ്ദുൾ റൗഫ് അറിയിച്ചു. പയ്യോളി തിക്കോടി സ്വദേശിയായ കുട്ടിക്ക് വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് തന്നെ രോഗ ബാധ സംശയിച്ച് ചികിത്സ തുടങ്ങിയിരുന്നു. അതിനാവശ്യമായ മരുന്നുകളും നൽകി.

രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായതും വിദേശത്ത് നിന്ന് മരുന്ന് എത്തിച്ച് നൽകിയതും കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് സഹായമായി. രോഗബാധയേറ്റതായി സംശയിക്കുന്ന കുളത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് ക്ലോറിനേഷൻ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

