മലപ്പുറത്തും അമീബിക് മസ്തിഷ്കജ്വരം; 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരിയിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഓമശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളിൽ കടന്നതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുഞ്ഞിൻ്റെ വീട്ടിലെ കിണറിൽ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് കിണർ അണുവിമുക്തമാക്കി കെട്ടിയടച്ചു.

രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അന്നശ്ശേരി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുപേർക്കാണ് രോഗബാധ ഉണ്ടായത്. പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

