ആലുവ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടി; മഹിളാ കോൺഗ്രസ് നേതാവിൻറെ ഭർത്താവിനെതിരെ പരാതി
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന് പരാതി. മഹിളാ കോൺഗ്രസ് നേതാവിൻറെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽനിന്ന് 1.20 ലക്ഷം രൂപ പ്രാദേശിക കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തെന്ന് ആരോപണം.

വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി 50,000 രൂപ ഡിസംബർ 20നകം തിരിച്ചുകൊടുക്കുമെന്ന് കുടുംബത്തിന് എഴുതി ഒപ്പിട്ടുനൽകി. കുടുംബത്തെ കബളിപ്പിച്ചാണ് പണം തട്ടിയത്. പണം തട്ടിയെടുത്ത വിവരം പഞ്ചായത്ത് അധികൃതരോടും മറ്റ് ജനപ്രതിനിധികളോടും ഒരു മാസംമുമ്പ് കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു.

കുട്ടി കൊല്ലപ്പെട്ടശേഷം കുടുംബം വീടുമാറിയിരുന്നു. ഇതിനുൾപ്പെടെ ചെലവായെന്നുപറഞ്ഞാണ് കോൺഗ്രസ് നേതാവും ഭർത്താവും പണം വാങ്ങിയത്. എന്നാൽ, കുട്ടി കൊല്ലപ്പെട്ടശേഷം രൂപീകരിച്ച ജനകീയ കമ്മിറ്റിയും സിപിഐ എം പ്രവർത്തകരും തായിക്കാട്ടുകര സഹകരണ ബാങ്കും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്നാണ് ഗൃഹോപകരണങ്ങളും കുടുംബത്തിന് ആവശ്യമായ മറ്റു വസ്തുക്കളും വാങ്ങി നൽകിയത്.

