തൊഴിൽ വാഗ്ദാനം നൽകി ബിജെപി നേതാവ് ലക്ഷങ്ങൾ തട്ടിയെന്ന് ആക്ഷേപം
ബാലുശേരി: തൊഴിൽ വാഗ്ദാനം നൽകി ബിജെപി നേതാവ് ലക്ഷങ്ങൾ തട്ടിയെന്ന് ആക്ഷേപം. ബിജെപി ഉള്ള്യേരി മണ്ഡലം പ്രസിഡണ്ടിനെതിരെയാണ് പാർടി പ്രവർത്തകർ ആക്ഷേപവുമായെത്തിയത്. കേന്ദ്രസ്ഥാപനങ്ങളായ സ്പൈസസ് ബോർഡ്, റെയിൽവേ എന്നിവിടങ്ങളിൽ ജോലി വാങ്ങിത്തരാമെന്നുപറഞ്ഞാണ് നേതാവ് പണംതട്ടിയത്.

പാർടിയുടെ പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെ നേതാവിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പറയുന്നത്. പാർടി പ്രവർത്തകരല്ലാത്തവരിൽനിന്നും പണംതട്ടിയിട്ടുണ്ട്. പണം നഷ്ടമായ ചിലർ ബിജെപി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. കുറ്റ്യാടി വേളം സ്വദേശിയിൽനിന്ന് ബിജെപി നേതാവ് എട്ടുലക്ഷം രൂപയോളം തട്ടിയിട്ടുണ്ട്. പണം നഷ്ടമായ വേളം സ്വദേശി നാദാപുരം കോടതിയിൽ കേസ് ഫയൽ ചെയ്തു.

തൊഴിൽ തട്ടിപ്പിനിരയായവർ പണം കിട്ടാത്തതിനെതുടർന്ന് നിത്യേന പാർടി നേതാക്കളുടെയടുത്ത് പരാതി പറയുന്നുണ്ടെങ്കിലും നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത് ബിജെപി അണികൾക്കിടയിൽ കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്. നേരത്ത യുവമോർച്ച മണിയൂർ മണ്ഡലം നേതാവായിരുന്ന യുവാവിനും പണം കിട്ടാനുണ്ട്. പണം തട്ടിയ മണ്ഡലം നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റിന്റെ മൗനാനുവാദത്തോടെയാണെന്നും ബിജെപി പ്രവർത്തകർ പറയുന്നുണ്ട്.

