എകെജി സെന്റർ ആക്രമണം; കുറ്റപത്രം അംഗീകരിച്ച് കോടതി

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിച്ച കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മൂന്നിന്റെതാണ് ഉത്തരവ്. കേസിൽ ജൂൺ 13 ന് ഹാജരാകാൻ പ്രതികൾക്ക് കോടതി സമൻസ് അയച്ചു. എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ ആസൂത്രകൻ യൂത്ത് കോൺഗ്രസ് മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ ജൂലൈ രണ്ടിനായിരുന്നു അറസ്റ്റിലായത്.

കഠിനംകുളം സ്വദേശിയായ പ്രതി ഡൽഹി വിമാനത്താവളത്തിൽ വെച്ചായിരുന്നു പിടിയിലായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായിയാണ് ഇയാൾ. രണ്ടുവർഷമായി വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ലണ്ടനിലേക്ക് കടന്ന സുഹൈൽ രണ്ടാഴ്ചമുമ്പ് കാഠ്മണ്ഡുവഴി ഇന്ത്യയിൽ തിരിച്ചെത്തി.

കാഠ്മണ്ഡുവഴി തിരിച്ചുപോകാൻ തിങ്കൾ വൈകിട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടഞ്ഞുവെച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. എകെജി സെന്റിനുനേരെ 2022 ജൂൺ 30ന് രാത്രി 11.20നാണ് ബോംബെറിഞ്ഞത്. ബോംബ് ഗേറ്റിൽ തട്ടിയതിനാൽ അക്രമികളുടെ ലക്ഷ്യം പാളുകയായിരുന്നു. കന്റോൺമെന്റ് പൊലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ രണ്ടാംപ്രതിയാണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായ സുഹൈൽ. സ്കൂട്ടറിൽവന്ന് ബോംബെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിൻ വി കുളത്തൂപ്പുഴയാണ് ഒന്നാംപ്രതി. സ്കൂട്ടർ ഉടമയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുബീഷ്, ജിതിനെ സ്ഥലത്തെത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് ടി നവ്യ എന്നിവരാണ് മറ്റു പ്രതികൾ.

ഒന്നാം പ്രതി ജിതിനെ 2022 സെപ്തംബർ 21നാണ് അറസ്റ്റുചെയ്തത്. നാലാം പ്രതി ടി നവ്യ മുൻകൂർ ജാമ്യം നേടി. അറസ്റ്റിലായവരെ ചേർത്ത് മെയ് 30ന് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സുബീഷ് മാത്രമാണ് നിലവിലെ പ്രതിപ്പട്ടിക പ്രകാരം പിടിയിലാകാനുള്ളത്.
