പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്തു
കോഴിക്കോട്: പയ്യോളിയിൽ രണ്ട് പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് റെയിൽവെ ട്രാക്കിൽ ആത്മഹത്യ ചെയ്തു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ 4 വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
സുരേഷിന്റെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ നിന്ന് ആദ്യം കണ്ടെത്തിയത്. ആ വിവരം വീട്ടിലറിയിക്കാൻ എത്തിയപ്പോഴാണ് വീടിനകത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. വിദേശത്തായിരുന്ന സുരേഷ് ഭാര്യയുടെ മരണശേഷം തിരിച്ചുപോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി പറയുന്നില്ല.
ഗോപികയും ജ്യോതികയും കലാ സാഹിത്യ രംഗത്ത് നല്ല കഴിവ് തെളിയിച്ച കുട്ടികളാണ്. ഗോപിക പയ്യോളി ഹൈസ്കൂളിലെ 10ാം ക്ലാസിലും, ജ്യോതിക അയനിക്കാട് അയ്യപ്പൻകാവ് യുപി സ്കൂളിൽ 5-ാം ക്ലാസിലും പഠിക്കുന്നവരാണ്. വടകര പൊലീസ് ഡിവൈഎസ്പി കെ വിനോദ് കുമാർ പയ്യോളി പൊലീസ് ഇൻസ്പെക്ടർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.