ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മു കാശ്മീരിനെ ഒഴിവാക്കി പരസ്യ ചിത്രീകരണം; കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസ്

ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മു കാശ്മീരിനെ ഒഴിവാക്കി പരസ്യ ചിത്രീകരണം നടത്തിയ കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് ജമ്മു കാശ്മീരിനെ ഒഴിവാക്കി ചിത്രീകരിച്ചത്. കാന്‍സര്‍ ചികിത്സയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ഇന്ത്യന്‍ ഭൂപടത്തെ വികലമായി ചിത്രീകരിച്ചത്. പെരുവയല്‍ സ്വദേശി എം.സി ഷാജി നല്‍കിയ പരാതിയിലാണ് പൊലിസ് കേസ്. ആശുപത്രി മാനേജ്‌മെന്റ്, ഡോക്ടര്‍മാര്‍, ബന്ധപ്പെട്ട സ്റ്റാഫുകള്‍ എന്നിവർക്കെതിരെയാണ് കേസ്.

പരാതി നല്‍കിയതോടെ പരസ്യം പിന്‍വലിച്ചു. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തി ചെയ്തു, കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു, സംഘടിതമായി കുറ്റകൃത്യം ചെയ്തു തുടങ്ങിയ കേസുകളാണ് മെയ്ത്ര ആശുപത്രിക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

