അലക്സ് കുരമ്പിൽ പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി
തിരുവനന്തപുരം: അലക്സ് കുരമ്പിൽ പുരസ്കാരം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. ഓർത്തഡോക്സ് സഭാ വൈദികനും അടൂർ സെന്റ് സിറിൾസ് കോളേജ് സ്ഥാപക പ്രിൻസിപ്പലുമായിരുന്ന അലക്സ് കുരമ്പിൽ കോർ എപ്പിസ്കോപ്പയുടെ സ്മരണയിൽ ക്യാപ്പിറ്റൽ അലുംമ്നി ചാപ്റ്റർ ഏർപ്പെടുത്തിയ അലക്സ് കുരമ്പിൽ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്പീക്കർ എ എൻ ഷംസീറിൽനിന്ന് ഏറ്റുവാങ്ങി.

സത്യാനന്തര കാലത്ത് ഭയത്തോടെ ജീവിക്കുകയാണെന്ന് അടൂർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ സമൂഹത്തിനെതിരായ ആയുധങ്ങളായി മാറി. സത്യത്തിന് പ്രാധാന്യമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഭദ്രാസന അധ്യക്ഷൻ ബിഷപ് ഗബ്രിയൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം നിരവധിപേർ പങ്കെടുത്തു. അഖില കേരള കഥാരചനാ പുരസ്കാര ജേതാക്കൾക്ക് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരദാനം ചെയ്തു

