KOYILANDY DIARY

The Perfect News Portal

ആദിത്യഎൽ 1 പേടകം സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂർത്തിയാക്കി

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ ആദിത്യഎൽ 1 പേടകം സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂർത്തിയാക്കി. ജനുവരി 6-ന് ലഗ്രാൻജിയൻ പോയിന്റിൽ എത്തിയ പേടകം 178 ദിവസമെടുത്താണ്‌ ആദ്യഭ്രമണം പൂർത്തീകരിച്ചത്‌. അത്യന്തം സങ്കീർണമായ ഹാലോ ഓർബിറ്റിൽ ഇതിനോടകം  ആറു ലക്ഷം കിലോമീറ്റർ  സഞ്ചരിച്ചു. ചൊവ്വാഴ്‌ച ത്രസ്‌റ്ററുകൾ മൂന്ന്‌ തവണ ജ്വലിപ്പിച്ച്‌ പേടകത്തെ വീണ്ടും രണ്ടാം പഥത്തിലേക്ക്‌ തൊടുത്തു വിട്ടു. ബംഗളൂരുവിലെ കേന്ദ്രത്തിൽ നിന്ന്‌ ഇതിനായുള്ള സന്ദേശമയച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌. 

ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ ഉപഗ്രഹമായ ആദിത്യ കഴിഞ്ഞ വർഷം സെപ്‌തംബർ 2 നാണ്‌ വിക്ഷേപിച്ചത്‌. ഭൂമിയിൽ നിന്ന്‌ 15 കോടി കിലോമീറ്റർ അകലെ നിന്ന്‌ സൂര്യനെ നിരീക്ഷിക്കുകയാണ്‌ ദൗത്യം. ഇതിനോടകം സൂര്യനെ പറ്റിയുള്ള നിർണായക വിവരങ്ങൾ പേടകം ലഭ്യമാക്കി. അടുത്തിടെ ഉണ്ടായ അതിശക്തമായ സൗരക്കാറ്റിനെയും ആദിത്യ അതിജീവിച്ചു. പേടകത്തിലെ പരീക്ഷണ ഉപകരണങ്ങളെല്ലാം കൃത്യമായി പ്രവർത്തിക്കുന്നതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ എസ്‌ സോമനാഥ്‌ അറിയിച്ചു.