അഭിമന്യു വധം: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്നു തുടങ്ങുന്നത്. ജി മോഹൻ രാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ. ഒക്ടോബറിൽ പ്രാരംഭവാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രതിഭാഗം അപേക്ഷ സമർപ്പിച്ചതോടെയാണ് കേസ് മാറ്റിവെച്ചത്.

2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. 2018 സെപ്തംബർ 26നാണ് കുറ്റപത്രം സമർപ്പിച്ചത്. 16 പ്രതികളും അറസ്റ്റിലായി. വിചാരണ കഴിഞ്ഞ വർഷം അവസാനം ആരംഭിക്കാനിരിക്കെയാണ് കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണ ക്കോടതിയിൽനിന്ന് നഷ്ടമായത്. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം, പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം ശ്രമം നടത്തിയിരുന്നു. കുറ്റപത്രം അപൂർണമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒന്നുമുതൽ നാലുവരെ പ്രതികൾ ഹർജിയും നൽകിയിരുന്നു. അത് തള്ളിയ കോടതി, വിചാരണ നീട്ടാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

