വയനാട് ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു

തിരുനെല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവയിറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ പശുവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയപ്പോഴാണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞതായി വീട്ടുകാർ അറിയിച്ചു.

സംഭവം അറിഞ്ഞ് തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറഞ്ഞു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായും അവർ സൂചിപ്പിച്ചു.

