KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് മേഖലയിലെ കൂട്ടിലാണ് പുലി അകപ്പെട്ടത്. രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലി കൂട്ടില്‍ അകപ്പെട്ടത് കണ്ടത്. കടുവക്ക് വേണ്ടി മൂന്നാമതായി സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വളര്‍ത്തുനായ്ക്കളെ കടിച്ചു കൊന്ന പുലിയാണ് ഇപ്പോള്‍ കൂട്ടിലകപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പുലിയെ കൊണ്ടുവിടുന്നത് എവിടെ എന്ന് അറിയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു.

പുലിയെ സമീപത്തെ കാട്ടില്‍ കൊണ്ട് പോയി വിടാനാണ് ശ്രമം എന്നും ഇതനുവദിക്കില്ലെന്നും സ്ഥലം എംഎല്‍എ എ പി അനില്‍ കുമാര്‍ പറഞ്ഞു. കടുവയെ പിടിക്കാന്‍ വെച്ച കൂട്ടില്‍ പുലി കുടുങ്ങിയ സ്ഥിതി ആശങ്കയും, ആശ്വസവുമെന്ന് അദ്ദേഹം പറഞ്ഞു. കടുവക്ക് പുറമെ പുലിയും ഉണ്ടായിരുന്നു എന്നത് ആശങ്കയാണ്. സര്‍ക്കാര്‍ പുലിയെ ഫോറസ്റ്റില്‍ കൊണ്ടുപോയി വിടരുത്. മൃഗശാലയിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 15നാണ് കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരിയില്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ പിടികൂടാനാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Advertisements
Share news