KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും

തിരുവനന്തപുരം: കേരളത്തിന് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാലുവര്‍ഷമായി പരിശീലനം തുടരുന്ന നാല് വൈമാനികരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് നന്മാറ സ്വദേശിയും മലയാളിയുമായ പ്രശാന്ത് നായരടക്കം നാലുപേരാണ് സംഘത്തിലുള്ളത്. പ്രശാന്താണ് സംഘത്തെ നയിക്കുക.

അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റ് മൂന്ന് പേര്‍. യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തെങ്കിലും ഇസ്രോ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. അടുത്ത വര്‍ഷമോ 2026 തുടക്കത്തിലോ മനുഷ്യദൗത്യം വിക്ഷേപിക്കുകയാണ് ലക്ഷ്യം. പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ മൂന്നുപേരെ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. മൂന്നുനാള്‍ ഭൂമിയെ ചുറ്റി അറബിക്കടലില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

 

ഇതിന് മുന്നോടിയായി ഈ വര്‍ഷം പകുതിയോടെ ‘വ്യോമമിത്ര’ എന്ന പെണ്‍റോബോട്ടിനെ ബഹിരാകാശത്തേക്ക് എത്തിച്ച് മടക്കിക്കൊണ്ടു വരും. തുടര്‍ന്ന് രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചശേഷമാകും മനുഷ്യദൗത്യം. അതേസമയം, വി.എസ്.എസ്.സി., സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്റര്‍, ഐ.പി.ആര്‍.സി. മഹേന്ദ്രഗിരി എന്നിവിടങ്ങളിലുള്ള മൂന്നുപദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും.

Advertisements
Share news