KOYILANDY DIARY

The Perfect News Portal

നെല്ലിയാമ്പതി മലനിരകളിലെ മിന്നാംപാറയിൽനിന്ന്‌ പുതിയ ഇനം കാശിത്തുമ്പയെ കണ്ടെത്തി

പാലക്കാട്‌: നെല്ലിയാമ്പതി മലനിരകളിലെ മിന്നാംപാറയിൽനിന്ന്‌ പുതിയ ഇനം കാശിത്തുമ്പയെ കണ്ടെത്തി. ഇംപേഷ്യൻസ് ജനുസ്സിൽപ്പെട്ട ഈ സസ്യത്തിന് ഇംപേഷ്യൻസ് മിന്നാംപാറെൻസിസ് എന്നാണ് പേര്‌ നൽകിയത്‌. ചെടിക്ക്‌ 4-10 സെന്റിമീറ്റർ ഉയരമുണ്ട്. ചുവന്ന വരകളാൽ അലംകൃതമായ പാൽവെള്ള മുതൽ പിങ്ക് നിറംവരെ കലർന്ന പൂക്കളാണ്‌ ഇവയുടെ പ്രത്യേകത. പുതിയ ഇനം സസ്യം ഇംപേഷ്യൻസ് ജനുസ്സിലെ യൂണിഫ്ലോറേ വിഭാഗത്തിൽപ്പെടുന്നു.

Advertisements

ഇംപേഷ്യൻസ് ശശിധരണി, ഇംപേഷ്യൻസ് റുപിക്കോള എന്നീ കാശിത്തുമ്പകളുമായി ഇംപേഷ്യൻസ് മിന്നാംപാറെൻസിസിന്‌ സാമ്യമുണ്ട്‌. അണ്ഡാകാര- ആകൃതിയിലുള്ള ഇലകൾ, വിദൂര ദളങ്ങളുടെ ആകൃതി, ചുവന്ന പാടുകളുള്ള തേൻവാഹകം എന്നിവയാണ്‌ ഇവയെ വേർതിരിക്കുന്നത്‌. മിന്നാംപാറയിലെ പാറകൾ നിറഞ്ഞ പുൽമേടുകളിൽ 2021-ൽ നടത്തിയ സർവേയിലാണ് ചെടി ആദ്യം കണ്ടെത്തിയത്. വിപുലമായ പഠനത്തിനുശേഷമാണ്‌ ഇത്‌ ഇംപേഷ്യൻസ് മിന്നാംപാറെൻസിസാണെന്ന്‌ സ്ഥിരീകരിച്ചത്‌. ന്യൂസിലൻഡിൽനിന്നുള്ള അന്താരാഷ്ട്ര സസ്യശാസ്ത്ര ജേർണലിന്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കോയമ്പത്തൂരിലെ പിഎസ്‌ജി കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസിൽനിന്നുള്ള ഡോ. ആര്യ സിന്ധുവാണ് പഠനത്തിന് നേതൃതം നൽകിയത്. കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ അംബിക, അലൻ അലക്‌സ് ഫിലിപ്, ഡോ. സോജൻ ജോസ്, ഡോ. വി സുരേഷ് എന്നിവരും പഠനത്തിൽ പങ്കാളികളായി. അഞ്ച്‌ ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശത്ത് കാണപ്പെട്ട ഇംപേഷ്യൻസ് മിന്നാംപാറെൻസിസ് വംശനാശഭീഷണി നേരിടുന്നതായി ഗവേഷകർ പറഞ്ഞു.

Advertisements