കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് വൻ ഭക്തജന സാന്നിധ്യം.

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വൻ ഭക്തജന സാന്നിധ്യം. ഇന്നലെ കാലത്ത് 10 മണിക്ക് നടന്ന മൃത്യുഞ്ജയ പുരസ്കാര സമർപ്പണ ചടങ്ങ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമമായി മാറി. ഗായകൻ ജി വേണുഗോപാലിനാണ് പുരസ്കാരം നൽകിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാര സമർപ്പണം നിർവഹിച്ചു. ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
.

.
പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ, സാമൂതിരി രാജാ പ്രതിനിധി
ഗോവിന്ദ വർമ്മ രാജ, മനു അശോക്, യു കെ രാഘവൻ, അനിൽ കാഞ്ഞിലശ്ശേരി, പത്മനാഭൻ ധനശ്രീ രഞ്ജിത്ത് കുനിയിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഈറോഡ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷൈജു കെ കെ സ്വാഗതവും ഉണ്ണികൃഷ്ണൻ വസുദേവംനന്ദിയും രേഖപ്പെടുത്തി.
.

.
ശിവരാത്രി ദിനത്തിൽ കാലത്ത് സർവ്വൈശ്വര്യപൂജ, സഹസ്ര കുംഭാഭിഷേകം, ചതു:ശത പായസനിവേദ്യം എന്നിവ നടക്കും. കാലത്ത് 10 30 മുതൽവൈകിട്ട് 4 30 വരെ നടക്കുന്ന ശിവദം നൃത്താർച്ചനയിൽ നൂറിൽപരം നർത്തകികൾ ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും. ഉച്ചയ്ക്ക് സമൂഹസദ്യ. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തിൽ എണ്ണൂറോളം പേർ പങ്കെടുക്കും. രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും. 26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടും മഹോത്സവത്തിന്റെ ഭാഗമായി നടക്കും.
