കോഴിക്കോട് വ്യാപാരിയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. പ്രതികൾ അറസ്റ്റിൽ
കോഴിക്കോട് വ്യാപാരിയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. പ്രതികൾ അറസ്റ്റിൽ. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഹോട്ടൽ നടത്തുകയാണ് കൊല്ലപ്പെട്ട സിദ്ദിഖ്. ചെർപ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫർഹാന (18) എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയോടെയാണ് സിദ്ദിഖ് വീട്ടിൽ നിന്നും പോയത്. തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കഷ്‌ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടി ചുരത്തിൻ്റെ ഒൻപതാം വളവിൽ നിന്ന് സ്യൂട്ട്കേസ് താഴേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിൽ 2 സ്യൂട്ട്കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാവുകയുള്ളു. സിദ്ധിഖിൻ്റെ ഹോട്ടലിലെ തൊഴിലാളിയാണ് പിടിയിലായ ഷിബിലി.

