KOYILANDY DIARY.COM

The Perfect News Portal

കാരന്തൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം

കുന്നമംഗലം: കാരന്തൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം. പാലക്കൽ പെട്രോൾ പമ്പിന്‌ എതിർവശത്തെ ടിവിഎസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. 10 ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിൽപ്പനയ്‌ക്ക്‌ വച്ചതും സർവീസിന്‌ നൽകിയതും ഉപഭോക്താക്കളുടെ വാഹനങ്ങളും ഇതിൽ ഉൾപ്പെടും. കംപ്യൂട്ടറുകൾ, രേഖകൾ, കറൻസികൾ എന്നിവയും കത്തിനശിച്ചു. 
ഞായർ പകൽ 1.30നാണ്‌ അപകടം. ഓണം പ്രമാണിച്ചാണ്‌ ഞായറാഴ്ചയും സ്ഥാപനം തുറന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല. വെള്ളിമാടുകുന്ന്‌, നരിക്കുനി എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. സിഐ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നഷ്ടം കണക്കാക്കിയിട്ടില്ല. വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ  ഓഫീസർ റോബി വർഗീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസി, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ ലതീഷ്, മധു, അനൂപ്, റാഷിദ്‌, സരീഷ്, നിഖിൽ മല്ലിശേരി, അഷ്‌റഫ്‌, സിന്തിൽ, ഹോം ഗാർഡുമാരായ ബാലൻ, രാജേഷ്, സിവിൽ ഡിഫൻസ്‌ അംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

 

Share news