കുരുന്നുകൾക്കായി വര്‍ണങ്ങളിലൂടെ ഒത്തുചേര്‍ന്ന് ഒരുകൂട്ടം പെണ്ണുങ്ങൾ

കോഴിക്കോട് വേദനയനുഭവിക്കുന്ന കുരുന്നുകൾക്കായി വര്‍ണങ്ങളിലൂടെ ഒത്തുചേര്‍ന്ന് ഒരുകൂട്ടം പെണ്ണുങ്ങൾ. അർബുദ ബാധിതരായ കുഞ്ഞുങ്ങളെ സഹായിക്കാനാണ് 140 ചിത്രങ്ങളുമായി 140 പേര്‍ കൈകോര്‍ത്തത്. നാലുവയസ്സുകാരി ഇഷാൻവി മുതൽ എഴുപതിനപ്പുറം പ്രായമുള്ളവരുടെ ചിത്രങ്ങൾവരെ പ്രദർശനത്തിനുണ്ട്. കലയിലൂടെ കരുതല്‍ എന്ന ആശയത്തിൽ ഇത് നാലാംതവണയാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. ഓയിൽ പെയിന്റിങ്, വാട്ടര്‍ കളര്‍, അക്രിലിക്, മെറ്റൽ ഗ്രേവിങ്, കോഫി പെയിന്റിങ് തുടങ്ങി വ്യത്യസ്തമായാണ് ഓരോചിത്രവും ചെയ്തത്. കൂടുതൽ ചിത്രങ്ങളും മ്യൂറൽ ഫ്യൂഷൻ വിഭാഗത്തിലുള്ളതാണ്. രണ്ടായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില.

പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുകയുടെ വിഹിതം കാൻസര്‍ വാര്‍ഡിലെ കുരുന്നുകള്‍ക്കായി ‘സ്‌നേഹസ്പര്‍ശം’ പേരിലുള്ള സ്‌കോളര്‍ഷിപ് പദ്ധതിക്കായാണ് വിനിയോഗിക്കുക. മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക. “സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ളവര്‍ മുതൽ തമിഴ്നാട്ടിലും ദുബായിലുമെല്ലാമുള്ളവര്‍വരെ കൂട്ടായ്മയുടെ ഭാഗമായി. വിവിധ മേഖലയിലുള്ളവരും വീട്ടമ്മമാരുമെല്ലാം കൂട്ടായ്മയിലുണ്ട്.

പരമാവധി സ്ത്രീകളുടെ കലാസൃഷ്ടികൾ ഇതിനകം ആളുകളിലേക്കെത്തിക്കാനായി’– ചിത്രകാരി പ്രേംജ ബാബുരാജ് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ 12വരെയാണ് നടക്കുക. 12ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഡോ. വി ടി അജിത് കുമാര്‍ ‘സ്‌നേഹസ്പര്‍ശം’ സ്‌കോളര്‍ഷിപ് വിതരണം ചെയ്യും.

