KOYILANDY DIARY.COM

The Perfect News Portal

വിശ്വമാനവികതയുടെ മഹാസംഗമം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി തിരിതെളിയിച്ചു

വിശ്വമാനവികതയുടെ മഹാസംഗമത്തിന് പമ്പാ തീരത്ത് തുടക്കം. ആയിരക്കണക്കിന് വരുന്ന പ്രതിനിധി സാഗരത്തെ സാക്ഷിയാക്കി ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനവേദിയായ തത്വമസിയിൽ മന്ത്രിമാരും വിവിധ മത, സാമുദായിക നേതാക്കളും അടക്കം സന്നിഹിതരായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനാണ് അധ്യക്ഷത വഹിക്കുന്നത്.

തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവരും വേദിയിൽ സന്നിഹിതരാണ്.

 

സംഗമത്തിൽ ശബരിമലയുടെ മാസ്റ്റർ പ്ലാനാണ് സംഗമത്തിലെ പ്രധാനചർച്ച. ഉച്ചയ്ക്ക് 12 മുതൽക്ക് തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളെ കുറിച്ച് ഒരേ സമയം ചർച്ച നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഇവർക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേരും പങ്കെടുക്കുന്നുണ്ട്. പാസ് വഴിയാണ് പ്രതിനിധികൾക്ക് പ്രവേശനം അനുവദിച്ചത്.

Advertisements
Share news