പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്കു 20 വർഷം കഠിന തടവും 60000 രൂപ പിഴയും
കൊയിലാണ്ടി: 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 20 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. ചെന്നൈ, സൈദപേട്ട്, ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2021ൽ ആണ് കേസിനാസ്പദമായ സംഭവം. ചെന്നൈ സ്വദേശിയായ പ്രതി കോഴിക്കോട് എലത്തൂരിൽ താമസിച്ചുവരുന്നതിനിടിയിൽ അടുത്ത വീട്ടിലെ പെൺകുട്ടിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചു. പിന്നീട് കുട്ടിയുടെ വീട്ടിൽ വെച്ചു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് കുട്ടി ബന്ധുക്കളോട് പീഡന വിവരം പറയുകയും രക്ഷിതാക്കൾ പോലീസിൽ അറിയിക്കുകയും ചെയ്തു. എലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർമാരായ മനോജ് വി വി, സായൂജ്കുമാർ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.



