വലിയങ്ങാടിയിലെ പലചരക്ക് കടയിൽ തീപിടുത്തം

കോഴിക്കോട്: വലിയങ്ങാടിയിലെ പലചരക്ക് കടയിലുണ്ടായ തീപിടുത്തത്തിൽ രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം. മാഹി സ്വദേശി എം. കെ. ഷിജീറിന്റെ ആരാധന ട്രേഡിങ് കമ്പനിയാണ് കത്തിനശിച്ചത്. ഞായർ പുലർച്ചെ നാലോടെയാണ് സംഭവം. കടയില്‍നിന്ന് പുക ഉയരുന്നത് കണ്ട സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളികള്‍ ബീച്ച് അഗ്നിരക്ഷാസേന യൂണിറ്റില്‍ അറിയിച്ചു. നാല് യൂണിറ്റെത്തി ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.

കായം, മസാല പാക്കറ്റ് പൊടികള്‍, ഫർണിച്ചർ, മച്ച്, സാധനങ്ങള്‍ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന മോപെഡ് സ്കൂട്ടർ എന്നിവ കത്തിനശിച്ചു. കടയിൽ 500 ടിൻ നെയ്യ് ഉണ്ടായിരുന്നു. ഇത് സൂക്ഷിച്ചിടത്തേക്ക് തീ പടരാത്തത് വൻ അപകടം ഒഴിവാക്കി. കടയിലെ ബാക്കിയുള്ള സാധനങ്ങള്‍ തൊഴിലാളികൾ തരംതിരിച്ച് മറ്റിടത്തേക്ക് മാറ്റി. ബീച്ച് ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കലാനാഥൻ, ഗ്രേഡ് എഎസ്ടിഒ ടി വി പൗലോസ്, എസ്എഫ്ആർഒ എ രന്തിദേവൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
