എ.സി. ഷണ്‍മുഖദാസ് പുരസ്‌കാരം ബിനോയ് വിശ്വത്തിന്

എ.സി. ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്. പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്നു എ.സി.ഷണ്‍മുഖദാസ്.

ഷണ്‍മുഖദാസ് പഠനകേന്ദ്രം ചുമതലപ്പെടുത്തിയ പി. സുധാകരന്‍ മാസ്റ്റര്‍, അഡ്വ. പി.ചാത്തുക്കുട്ടി, ഇ. ബേബി വാസന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ബിനോയ് വിശ്വത്തിന്റെ പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. പൊതുപ്രവര്‍ത്തന രംഗത്ത് പുലര്‍ത്തുന്ന സത്യസന്ധത, ദേശീയ-ജനാധിപത്യ-മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ പ്രധാനി ആയിരുന്ന സി. കെ.ഗോവിന്ദന്‍ നായരുടെ 61-ാം ചരമവാര്‍ഷികവും എ.സി.ഷണ്‍മുഖദാസിന്റെ 11-ാം ചരമ വാര്‍ഷികവും ഒന്നിച്ചു വരുന്ന 2024 ജൂണ്‍ 27-ന് വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന സി.കെ.ജി, എ.സി. ഷണ്‍മുഖദാസ് അനുസ്മരണ സമ്മേളനത്തില്‍ എന്‍.സി.പി. (എസ്) സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.സി. ചാക്കോ പുരസ്‌ക്കാരം നല്‍കും. എ.സി.ഷണ്‍മുഖദാസ് പഠനകേന്ദ്രം ചെയര്‍മാനും വനം -വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

