KOYILANDY DIARY

The Perfect News Portal

വിഷുവിനെ വരവേറ്റ് കണിക്കൊന്ന പൂത്തുലഞ്ഞു

കൊയിലാണ്ടി: മേടമാസ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു സ്വർണത്തിൻ്റെ അംശമുള്ളത് കൊണ്ടാണ് കണികൊന്നയ്ക്ക് പ്രാധാന്യം കൽപിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പുഷ്പവുമാണ് കൊന്ന. കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ മലയാളിക്ക് സാദ്ധ്യവുമല്ല. ഗ്രാമത്തിൻ്റെ ഭംഗിയും വിശുദ്ധിയും നിറഞ്ഞ് പൂത്തു നിൽക്കുന്ന കാഴ്ച ഗ്രാമ നഗര വ്യത്യാസമില്ലാതെ നിറഞ്ഞ് നിൽക്കുന്നു. എന്നാൽ ഇത്തവണ മീനമാസത്തിൽ തന്നെ കണിക്കൊന്നകൾ പൂത്തിരുന്നു.

കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം ഗുരുവായൂർ ക്ഷേത്രത്തിലെ ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതീഹ്യം’

വീട്ടിലെ മുതിർന്നവരാണ് വിഷുക്കണി ഒരുക്കുക. ഓട്ടുരുളിയിൽ കിഴക്കോട്ട് തിരിയിട്ട വിളക്ക്, അരി, നെല്ല്, മുണ്ട്, സ്വർണം, വിൽക്ക കണ്ണാടി, കണി വള്ളരി, കൊന്ന പൂവ്, കൺമഷി ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, ചക്ക, നേന്ത്രപഴം, തുടങ്ങിയവ വെച്ച് കണിയൊരുക്കുന്നത്. കുട്ടികളെ കണി കാണിച്ച് മുതിർന്നവർ കൈനീട്ടം നൽകുന്നതും പതിവാണ്. ഈ വർഷം പുലർച്ചെ 2 മണിക്കുള്ളിലാണ് മേട സംക്രമം തുടങ്ങുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *