KOYILANDY DIARY

The Perfect News Portal

സൂര്യാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടുത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. ഉത്തരേന്ത്യയില്‍ അത്യുഷ്ണം കാരണം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പകല്‍ പൊള്ളുന്ന വെയിലും രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റും. പൊള്ളുന്ന വേനലിന്റെ പ്രശ്‌നങ്ങള്‍ പലതരത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും മുതല്‍ മരണം വരെ അതീവ ഗുരുതരമായ സൂര്യാഘാതം കാരണമുണ്ടാകാം.

അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്‌നം ശരീരക്ഷീണവും തളര്‍ച്ചയുമാണ്. ശരീരത്തില്‍നിന്ന് ജലാംശവും വിയര്‍പ്പിലൂടെ സോഡിയം ഉള്‍പ്പെടെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നതാണ് തളര്‍ച്ചയുടെ പ്രധാന കാരണം. ഏറെനേരം അമിതചൂടില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് ബോധക്ഷയം പോലും ഉണ്ടാകാം. മൂത്രത്തിന്റെ അളവ് കുറയുന്നതും സ്വഭാവ വ്യതിയാനവും സ്ഥിതി വഷളാകുന്നതിന്റെ ലക്ഷണമാണ്. പ്രായമേറിയവരിലും കുട്ടികളിലും പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും അമിത താപത്തെ തുടര്‍ന്നുണ്ടാകുന്ന തളര്‍ച്ച ഗുരുതരമാകാറുണ്ട്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍ ‍, കരള്‍ , വൃക്കകള്‍ ‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.

സൂര്യാഘാതത്തിന്‍റെ ലക്ഷണം

Advertisements

തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ പ്രധാനലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) കാരണമാകുന്നു. വൃദ്ധരില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍ ‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.

സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാന്‍ സാധ്യതയുണ്ട്.

സൂര്യാഘാതമേറ്റാല്‍

*സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക.

*വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക

*മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക.

*തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും.

*തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക.

*കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും.

*രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

വേനല്‍ചൂടിനെ നേരിടാന്‍

*നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം.

*ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട്‌ – നാല് ഗ്ലാസ് വെള്ളം കുടിക്കണം.

*കൃത്രിമ ശീതളപാനീയങ്ങള്‍ ‍, ബിയര്‍ , മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും.

*പഴങ്ങള്‍ ‍, പച്ചക്കറികള്‍ ‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം ഉപയോഗിക്കുന്നത് കുറയ്ക്കുക.

*അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.

*വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക.

*നൈലോണ്‍ ‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

*നട്ടുച്ചനേരത്തുള്ള ജാഥകള്‍ ‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

*പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.

*രാവിലെ പത്ത് മണിമുതല്‍ 3 മണിവരെയുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

*കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം.

*കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചൂടുകൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോമരത്തലണിലോ വിശ്രമിക്കുക.

*വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് (പ്രത്യേകിച്ച് ടിന്‍/ആസ്ബസ്‌റ്റോസ് മേല്‍ക്കൂരയാണെങ്കില്‍ ‍)പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.

*നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും, വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്.

*ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്.