KOYILANDY DIARY

The Perfect News Portal

നഗരപ്പെരുമ കണ്ടറിയാന്‍ നെല്ലൂരിലേക്ക്

കാലത്തിന്റെ വേഗതക്കനുസരിച്ച് രൂപ ഭാവങ്ങള്‍ മാറി മറിയുന്ന നഗരങ്ങളില്‍ ഒന്ന് കൂടി,നെല്ലൂര്‍! അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ആന്ധ്ര പ്രദേശിലെ നഗരങ്ങളിലൊന്നാണ് നെല്ലൂര്‍. നഗരത്തിന്റെ കെട്ടു കാഴ്ച്ചകളില്‍ ഒതുങ്ങി പോകാതെ പാരമ്പര്യ തനിമയും ഭംഗിയുംകാത്തുസൂക്ഷിക്കുന്ന നഗരമെന്ന വിശേഷണവും നെല്ലൂരിനുനന്നായി ഇണങ്ങും.

ജനസംഖ്യയുടെ കാര്യത്തില്‍ ആന്ധ്ര പ്രദേശിലെ നഗരങ്ങളില്‍ വച്ച് ആറാം സ്ഥാനമാണിതിന്. ശ്രീ പോറ്റി ശ്രീ രാമലു നെല്ലൂര്‍ ജില്ലയുടെ തലസ്ഥാനനഗരം കൂടിയാണിത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒട്ടനേകം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പെന്ന നദിക്കരയിലാണ് നെല്ലൂര്‍ പട്ടണം സ്ഥിതി ചെയ്യുന്നത്.

കാര്‍ഷികപരവും വാണിജ്യപരവുമായ ഒട്ടേറെ പ്രാധാന്യം ഈ നഗരത്തിനുണ്ട്. വ്യത്യസ്തങ്ങളായ ഒട്ടേറെ വിളകള്‍  ഈ പ്രദേശത്ത് കൃഷി ചെയ്യുന്നു. വിജയവാഡയെയും ചെന്നൈയും തമ്മില്‍ ബന്ധിപ്പിക്കുന്ന നഗരമായത് കൊണ്ട് തന്നെ കച്ചവടപരമായ ഒട്ടേറെ സാദ്ധ്യതകള്‍ ഇവിടവുമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ആന്ധ്ര പ്രദേശിലെ തന്നെ മികച്ച നഗരാസൂത്രണത്തിന് ഈ നഗരം ഒരുത്തമ ഉദാഹരണമാണ്. മൗര്യ വംശമുള്‍പ്പെടെ ഒട്ടേറെ രാജവംശങ്ങള്‍ ഇവിടം ഭരിച്ചിട്ടുണ്ട്. ബി സി മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഇവിടെയുള്ള ക്ഷേത്രങ്ങളിലും മറ്റു നിര്‍മ്മിതികളിലുമൊക്കെ ഈ രാജവംശങ്ങളുടെ സ്വാധീനം നന്നായി പ്രകടമാകുന്നുണ്ട്.

Advertisements

പേരിനു പിന്നില്‍

ബ്രിട്ടീഷ്‌ ഭരണകാലത്ത് തന്നെ തികച്ചും വേറിട്ട ഒരു മുഖമായിരുന്നു നെല്ലൂരിനുണ്ടായിരുന്നത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് നാടെങ്ങും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും നെല്ലൂരിലെ സ്ഥിതി വളരെ ശാന്തമായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നെല്ലൂരിനെ കേന്ദ്രീകരിച്ച് തന്നെ ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങളുണ്ടായി. 1953 ഒക്ടോബര്‍ 1 വരെ മദ്രാസിന്റെ ഭാഗമായിരുന്ന നെല്ലൂര്‍ 1956 നവംബര്‍ ഒന്നോടു കൂടി ആന്ധ്ര പ്രദേശ്‌ സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആന്ധ്ര പ്രദേശിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു രാജ്യ സ്നേഹിയായ പോറ്റി ശ്രീ രാമലുവിന്റെ സേവനം അളവറ്റതാണ്.  അദ്ദേഹത്തിന്റെ പേരിലാണ് ഇപ്പോള്‍ ഈ ജില്ല അറിയപ്പെടുന്നത്.

നെല്ലൂരിലെ കാഴ്ചകള്‍

സാധാരണ നഗരക്കാഴ്ച്ചകളില്‍ നിന്നും തികച്ചും വിഭിന്നവും വൈവിധ്യം നിറഞ്ഞതുമാണ് നെല്ലൂരിലെ കാഴ്ചകള്‍. ഏതാണ്ട് 600 വര്‍ഷത്തോളം പഴക്കമുള്ള ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണീയതയാണ്. 70 അടിയോളം ഉയരമുള്ള ഗാലി ഗോപുരം ഇവിടെ സ്ഥിതി ചെയ്യുന്നു. വിന്റ് ടവര്‍ എന്നര്‍ത്ഥം വരുന്ന ഇതിന്റെ മുകള്‍ ഭാഗത്തായി സ്വര്‍ണം പൂശിയ 10 താഴികക്കുടങ്ങളുണ്ട് . പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് നെല്ലൂരെന്നതില്‍ സംശയം തീരെയില്ല. പുലികാട്ട് തടാകം, മൈപ്പാട് ബീച്ച് എന്നിവ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളില്‍പെടുന്നു.

അപൂര്‍വ്വങ്ങളായ ഒട്ടനേകം പക്ഷിജാലങ്ങളുടെ കേന്ദ്രമായ നെലപാട്ട് പക്ഷി സങ്കേതംഇതിനടുത്തായി സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒട്ടനേകം ക്ഷേത്രങ്ങളുടെ ഒരു നിര തന്നെ നെല്ലൂരില്‍ ദൃശ്യമാണ്. അവയിലൊന്നായ നരസിംഹ സ്വാമി ക്ഷേത്രം നെല്ലൂരിന് 13 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. യാത്രികരുടെ തിരക്കേറുന്ന മറ്റൊരു പ്രധാന പിക്നിക്‌ സ്പോട്ടാണ് സോമസില. വന നശീകരണം തകൃതിയായി നടക്കുന്നതിനാല്‍ അതിന്റെ അനന്തര ഫലങ്ങളും ഇവിടെ നന്നേ പ്രകടമാണ്. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന അതി കഠിനമായ ചൂടാണ് അതിലൊന്ന്.

മെയ്‌ മാസത്തില്‍ ഏതാണ്ട് 40 ഡിഗ്രി വരെ  താപനില ഉയരാറുണ്ട്. ഏപ്രില്‍ മെയ്‌ മാസത്തെ ചുട്ടു പൊള്ളുന്ന വേനലില്‍ ആളുകള്‍ക്ക് പലപ്പോഴും സൂര്യതാപം മൂലം പൊള്ളലേല്‍ക്കാറുണ്ട്. ശീതകാലമാണ് നെല്ലൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.  ചെന്നൈയുമായി വളരെ അടുത്താണ് നെല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് ചെന്നൈയിലേക്ക് 200 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ. 450 കിലോമീറ്ററോളം അകലെയായി ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദ്‌
സ്ഥിതി ചെയ്യുന്നു.