KOYILANDY DIARY.COM

The Perfect News Portal

ഷെന്‍ഗേയുടെ കബറിടവും അദ്ദേഹം കച്ചവടം നടത്തിയ ഇടങ്ങളും തേടി ചൈനക്കാര്‍ കോഴിക്കോട്ട്

കോഴിക്കോട് : കടല്‍ക്കരുത്തിനെ മനക്കരുത്താല്‍ കീഴടക്കിയ ചൈനീസ് സഞ്ചാരി നിത്യനിദ്ര കൊള്ളുന്ന ഇടംതേടി രണ്ടു ചൈനക്കാര്‍ സാമൂതിരിയുടെ നാട്ടില്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ഏഴുതവണ പായ്ക്കപ്പലില്‍ കോഴിക്കോട്ടെത്തിയ, 2800 ചൈനക്കാരെ കോഴിക്കോട്ടെത്തിച്ച പര്യവേക്ഷകന്‍ ഷെന്‍ഗേയുടെ കബറിടവും അദ്ദേഹം കച്ചവടം നടത്തിയ ഇടങ്ങളും കണ്ടെത്തുകയാണു ഗവേഷണലക്ഷ്യം. ചൈനീസ് വംശജനും അമേരിക്കയിലെ ഫോസ്തര്‍ഗ് സ്റ്റേറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനുമായ പ്രഫ. ഹയൂമ, യുഎഇ സാംസ്കാരിക മന്ത്രാലയത്തിലെ സീനിയര്‍ റിസര്‍ച്ചര്‍ ഡോ. ഷാജാ ജിന്‍ ചായ് എന്നിവരാണു കോഴിക്കോട്ടെത്തിയിരിക്കുന്നത്.

പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നു കോഴിക്കോട്ട് അദ്ദേഹം അന്തരിച്ചെന്നു മാത്രമേ അവര്‍ക്കറിയൂ. അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്ന എന്തെങ്കിലും ഇവിടെ ഉണ്ടോ എന്നറിയാനാണു ചൈനീസ് ഗവേഷകരുടെ വരവ്. വലിയങ്ങാടിയിലെ ചീനേടത്തു പള്ളിയില്‍ ഒരു ചൈനക്കാരനെ കബറടക്കിയിട്ടുണ്ട്. ഇവിടെ സംഘം സന്ദര്‍ശിച്ചെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍‍ കഴിഞ്ഞില്ല. ഓസ്ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാലയില്‍ ഫെലോ ആയ അബ്ബാസ് പനയ്ക്കലിന്റെ സഹായത്തോടെയാണു ഹയൂമയും ഷാജാജിനും കോഴിക്കോട്ടെത്തിയത്.

 

Share news