അബുദാബിയിലുള്ള യുവാവിൻ്റെ മാതാവിന് മരുന്ന് എത്തിച്ച് നൽകി കൊയിലാണ്ടി ഫയർ & റെസ്ക്യൂ ജീവനക്കാർ മാതൃകയായി

കൊയിലാണ്ടി: ബുധനാഴ്ച്ച രാവിലെയാണ് പൂക്കാട് സ്വദേശിയും, ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മുഹ്സിൻ തൻ്റെ മാതാവ് മറിയക്കുട്ടിയുടെ ആയ്യുർവേദ മരുന്ന് കിട്ടാൻ പലരെയും വിളിച്ച് നോക്കി. കോഴിക്കോട് ജില്ലയിൽ ഒരിടത്തും മരുന്ന് കിട്ടാനില്ലായിരുന്നു. സാധാരണ ഈ മരുന്ന് കണ്ണൂരിൽ മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. അങ്ങിനെയാണ് മരുന്ന് കിട്ടാൻ വല്ല സാദ്ധ്യതയും ഉണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി ഫയർ & റെസ്ക്യൂവിലേക്ക് വിളിച്ച് നോക്കിയത്.
വലിയ താൽപ്പര്യത്തോടുകൂടിയായിരുന്നു അധികൃതരുടെ സമീപനം. കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ മുഹ്സിനോട് വീട്ടിലെ നമ്പർ വാങ്ങി മരുന്നിൻ്റെ പ്രിസ്ക്രിപ്ഷൻ വാട്ട്സ്അപ്പിലൂടെ വാങ്ങുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണി ആയപ്പോഴെക്കും മരുന്ന് മുഹ്സിൻ്റെ വീട്ടിൽ എത്തി.
സംഭവം അറിയിച്ച മുഹ്സിൻ മരുന്നിൻ്റെ പൈസ വിദേശത്ത് നിന്ന് ഓൺലെൻ പേമൻ്റെ നടത്തുകയും ചെയ്തു. മുഹ്സിൻ്റെ പിതാവ് വലിയേരി തെങ്ങിൽ കാദറും മാതാവ് മറിയക്കുട്ടിയും ഭാര്യ നജുവും രണ്ട് കുട്ടികളുമാണ് വീട്ടിൽ താമസം. പ്രതീക്ഷിക്കാതെ വിളിച്ചതാണെങ്കിലും ആ വിളി വെറുതെയായില്ല. ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് നന്ദി അറിയിക്കുകയും നാട്ടിൽ തിരിച്ചെത്തിയാൽ നേരിൽ കാണാമെന്നും അഭിനന്ദനങ്ങൾ അറിയിച്ചുമാണ് മുഹ്സിൻ ഫോൺ വെച്ചത്.
