വ്യാജ ഒസ്യത്ത്: ഓമശ്ശേരി പഞ്ചായത്ത് ഓഫീസില്‍ റെയ്ഡ് നടത്തി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഓമശ്ശേരി പഞ്ചായത്ത് ഓഫീസില്‍ റെയ്ഡ് നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന നാലുമണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് അഡീഷണല്‍ എസ്.പി. ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ടോം തോമസിന്റെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ജോളി സമര്‍പ്പിച്ച മുഴുവന്‍ രേഖകളുടെയും പകര്‍പ്പ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു.
കൈവശാവകാശം സ്വന്തമാക്കാന്‍ ജോളി നല്‍കിയ അപേക്ഷ, ടോം തോമസിന്റെയും റോയി തോമസിന്റെയും മരണ സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി അടച്ച രശീതി, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, അടിയാധാരത്തിന്റെയും അസസ്‌മെന്റ് രജിസ്റ്ററിന്റെയും പകര്‍പ്പ് എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം കൊണ്ടുപോയത്.

2012-ലാണ് ജോളി പൊന്നാമറ്റം കുടുംബവീടും മറ്റുസ്വത്തുക്കളും വ്യാജ ഒസ്യത്ത് തയ്യാറാക്കി തന്റെ പേരിലേക്ക് മാറ്റിയത്. ഏതാനും മാസം ഈ വസ്തുവകകള്‍ തന്റെ സ്വന്തമായി ഇവര്‍ ഉപയോഗിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലായത്.

തുടര്‍ന്ന്, വില്ലേജ് ഓഫീസറുടെ നിര്‍ദേശപ്രകാരം സ്വത്തുവകകള്‍ ജോളി തിരികെ നല്‍കുകയായിരുന്നു. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്ന സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സെക്രട്ടറിയല്ല ഇപ്പോഴുള്ളത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ പഞ്ചായത്തോഫീസില്‍നിന്നു സഹായം ലഭിച്ചിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

