കെവിന് ദുരഭിമാന കൊലക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി

കോട്ടയം: കെവിന് ദുരഭിമാന കൊലക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.
നീനുവുമായുള്ള വിവാഹ ബന്ധം അംഗീകരിക്കാന്‍ പ്രതികള്‍ തയാറായിരുന്നില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും അവര്‍ വാദിച്ചു. എന്നാല്‍ ദുരഭിമാനക്കൊലയെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണു പ്രതിഭാഗത്തിന്റെ നിലപാട്.വിവാഹം ഒരുമാസത്തിനകം നടത്താമെന്ന് പിതാവ് പറഞ്ഞിരുന്നതായാണു വാദം.

90 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ സെഷന്‍സ് ജഡ്ജി ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക. ദുരഭിമാനക്കൊലയായി പരിഗണിച്ച സംസ്ഥാനത്തെ ആദ്യകേസില്‍ സംഭവം നടന്ന് 14 മാസംകൊണ്ട് നടപടി പൂര്‍ത്തിയാക്കി. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ സഹോദരന് ഷാനു ചാക്കോ, അച്ഛന് ചാക്കോ എന്നിവരടക്കം 14 പേരാണ് പ്രതികള്‍.

